RSS

Marakkarkandy Memories

13 Sep

ഡെൽഹിയിലായിരുന്നപ്പോൾ പേര് കേട്ട ഓഡിറ്റോറിയങ്ങളിൽ നടത്തിയ സാംസ്കാരിക പരിപാടികളിൽ പങ്കു ചേരാൻ അവസരങ്ങളുണ്ടായിട്ടുണ്ട്. പിന്നീട് , എന്റെ അടുത്ത ചങ്ങായിച്ചി മധു event management രംഗത്ത് കൂടിയപ്പോൾ, പ്രശസ്തരായ പലരും നടത്തിയ സംഗീത-നൃത്ത പരിപാടികൾക്കും ക്ഷണം ലഭിച്ചിരുന്നു.

ആ പരിപാടികൾക്ക് പ്രധാന അതിഥിയായി ക്ഷണിക്കുന്നത് ഏതെങ്കിലും വി.ഐ.പിയെ ആയിരിക്കും. പൂർവ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ഭാര്യ chief guest ആയിരുന്ന ഒരു പരിപാടി ഓർമ്മ വരുന്നു. ഒഡീസി നർത്തകി രഞ്ജനയുടെ പരിപാടിയായിരുന്നു എന്നാണ് ഓർമ്മ.

മധുവിന്റെ അമ്മയും ഞാനും നേരത്തെ കാലത്തെ സ്ഥലത്തെത്തി . മുൻപിൽ രണ്ടാമത്തെ വരിയിൽ തന്നെ സ്ഥാനം പിടിച്ചു. അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരൊക്കെ ഡൽഹിയിലെ elite വർഗ്ഗത്തിൽ പെട്ടവർ. കാതിൽ വന്നു വീഴുന്ന സംസാരശകലങ്ങൾ ഒക്കെയും, അടുത്ത കാലത്തു പങ്കെടുത്ത വലിയ പാർട്ടിയെ പറ്റിയോ വിദേശ സഞ്ചാരത്തെ പറ്റിയോ , ആര് ആരെ കണ്ടുമുട്ടി എന്നതിനെപ്പറ്റിയോ ആയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ സംഘാടകരിൽ ആരോ വന്നു ഞങ്ങളോട് കുറച്ചു പിന്നിലോട്ടു മാറിയിരിക്കാൻ പറഞ്ഞു. ചീഫ് ഗെസ്റിന്റെ കൂടെ വേറെയും ആരൊക്കെയോ വരുന്നുണ്ട്. അവരുടെ സെക്യൂരിറ്റി സ്റ്റാഫും ഉണ്ടാവും. അവർക്കൊക്കെ മുൻപിൽ തന്നെ കസേരകൾ കരുതി വെക്കണം.

ഭാഗ്യവശാൽ ഹാൾ നിറഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളൂ. അധികം പിന്നിലല്ലാതെ ഇരിപ്പിടിങ്ങൾ കിട്ടി.

പരിപാടി ഗംഭീരമായിരുന്നു. ചീഫ് ഗസ്റ്റ് , Mrs .Manmohan Singh പരിപാടി അവസാനിക്കുന്നത് വരെ അവിടെയുണ്ടായിരുന്നു. കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും പായിച്ചുകൊണ്ടു അവരുടെ കാവൽക്കാരും.

എനിക്കപ്പോൾ ഓർമ്മ വന്നത് ഞങ്ങളുടെ നാട്ടിൻമുക്കിൽ നടത്തിയിരുന്ന നാടകങ്ങളെപ്പറ്റിയായിരുന്നു.

ഞങ്ങളുടെ വീടിന്റെ നേരെ മുൻപിലുള്ള ലൈൻ മുറികളിൽ വാടകക്ക്‌ താമസിച്ചിരുന്നവരുടെ കൂട്ടത്തിലുള്ളവരായിരുന്നു ബാർബർ ജോലി നോക്കിയിരുന്ന ചന്ദ്രേട്ടനും കുടുംബവും. പകലന്തിയോളം പണിയെടുത്തു , രാത്രി ഭക്ഷണം കഴിച്ചശേഷം, ചന്ദ്രേട്ടൻ മുൻപിലെ വരാന്തയിലെ തിണ്ടിലിരുന്ന് ഓടക്കുഴൽ വായിക്കും. അത് കേട്ടാണ് പല രാത്രിയിലും ഞാനുറങ്ങുക. നിലാവുള്ള രാത്രിയാണെങ്കിൽ ജനലിലൂടെ നോക്കിയാൽ, തെങ്ങോലകൾ കാറ്റിലാടുന്നത് കാണാം.

ഓണത്തിന്റെ സമയമടുത്തുവരുമ്പോൾ, ചന്ദ്രേട്ടന്റെ മകൻ ഭയങ്കര തിരക്കിലാവും. മൂപ്പരാണ് ലോക്കൽ നാടകം സ്റ്റേജിൽ കയറ്റുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്. എന്റെ ഓർമ്മയിൽ അങ്ങനെയാണ്..കാരണം റിഹേർസൽസ് നടത്തിയിരുന്നത് ആ വീട്ടിലാണ്. സ്കൂളിൽ ഒഴിവുള്ള ദിവസമാണെങ്കിൽ, ഞങ്ങൾ റിഹേർസൽ നടക്കുന്ന മുറിയുടെ പുറത്തു തിങ്ങിക്കൂടും. മുഴുവൻ നാടകം ഒരിക്കലും ഒന്നിച്ചു കാണാൻ പറ്റാറില്ലായിരുന്നു. അതുകൊണ്ടു നാടകം അരങ്ങേറുമ്പോൾ ആസ്വാദനത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല.

നാടകം മാത്രമല്ല, അതിനുള്ള ഒരുക്കങ്ങളും കണ്ടിരിക്കാൻ നല്ല രസമായിരുന്നു. അടുത്തുള്ള ഒരൊഴിഞ്ഞ പറമ്പിലാണ് സ്റ്റേജ് കെട്ടുക. പറമ്പിലുള്ള തെങ്ങുകളുടെ തടികളിൽ ഒന്നൊന്നിനോട് ചേർത്ത് തോരണങ്ങൾ തൂക്കും. ഉത്ഘാടന പ്രസംഗത്തിന് വിളിക്കുന്ന സ്ഥലത്തെ ഏതെങ്കിലും നേതാവിനും മറ്റുമിരിക്കാൻ ഞങ്ങളുടെ വീടിന്റെ വരാന്തയിൽ ഇട്ടിരുന്ന നേരിയ ചൂരലിന്റെ കസേരകളാണ് അധികവും കൊണ്ടുപോകുക. ഞങ്ങൾക്കതൊരു സ്വകാര്യ അഭിമാനമായിരുന്നു.

അവിടെ വീട് പണിതപ്പോൾ ഗൃഹപ്രവേശത്തിനു കിട്ടിയ സമ്മാനങ്ങളിൽ നല്ല ഭംഗിയുള്ള കുറെ ചായക്കപ്പുകളും മറ്റു ചില കാഴ്ചവസ്തുക്കളും വീട്ടിലെ അലമാറിക്കകത്തു വെച്ചിരുന്നു. ഇങ്ങനെ എന്തെങ്കിലും പരിപാടിയുണ്ടാവുമ്പോൾ ഉപ്പാവ അതിൽ നിന്നും ഏതെങ്കിലും ഒന്നോ രണ്ടോ items പ്രോത്സാഹന സമ്മാനങ്ങളായി കൊടുക്കാൻ സംഘാടരകരെ ഏല്പിക്കും.

നാടകം തുടങ്ങുന്നത് മുതൽ തീരുന്നതുവരെ കാണാൻ, ഉപ്പാവയുടെ സമ്മതം വാങ്ങണമെങ്കിൽ കുറെ ദിവസങ്ങൾക്ക് മുൻപ് തന്നെ പിന്നാലെ കൂടണം. “ഉപ്പാവ ..ആയി ആയി ” എന്നും പറഞ്ഞുകൊണ്ട് ചൊറിഞ്ഞു കൂടും. ആ പ്രയോഗം (പ്ളീസ് എന്നുള്ള അർത്ഥമാണ് ) പിന്നെവിടെയോ കളഞ്ഞുപോയി.

സമ്മതം കിട്ടും ഉറപ്പായിട്ടും . പക്ഷെ മൂപ്പരും സസ്പെൻസ് അവസാനം വരെ നിലനിർത്തും.

സമ്മതം കിട്ടിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ ഭൂമിയിലൊന്നും ആയിരിക്കില്ല. കടല, ഉപ്പുമാങ്ങ , മുറുക്ക് , വെല്ലം (ശർക്കര) , ഒയലിച്ച മുട്ടായി, പുളി ഉപ്പു പിരട്ടി ചെറിയ ball ആക്കിയത്, ഇതൊക്കെ ഞങ്ങളുടെ സ്ഥിരം ചങ്ങാതിക്കൂട്ടം ചേർന്ന് ആദ്യമേ ഒരുക്കിവെക്കും. നാടകം നടക്കുന്നിടത്തു നിന്ന് ഐസ് മുട്ടായി വാങ്ങാൻ ചില്ലറ പോക്കറ്റ് മണി കിട്ടിയാൽ സന്തോഷം പറയുകയും വേണ്ട.

സന്ധ്യ കഴിഞ്ഞാണ് പരിപാടി തുടങ്ങുക. നാടകം പെട്ടെന്നൊന്നും തുടങ്ങില്ല. ആദ്യം ലേലമാണ്. ചെറിയ ചെറിയ സാധനങ്ങൾ ആയിരിക്കും. ചിലപ്പോൾ ലേലം വിളിക്കുന്ന ആൾ അതിന്റെ കൂടെ പ്രേമസന്ദേശങ്ങളൂം മൈക്കിലൂടെ വിളിച്ചു പറയാൻ ലേലം നടത്തുന്ന ആളിനെ ഏല്പിക്കും. പേര് പറയില്ല. അത് കേൾക്കുന്ന രമണീമണിക്കു മനസ്സിലായാൽ മതിയല്ലോ. ചിലപ്പോൾ സുഹൃത്തുക്കൾ തമ്മിലായിരിക്കും ഈ ലേലസംവാദം. കേട്ടിരിക്കുന്നവരെ ചിരിപ്പിക്കാൻ ധാരാളം വകയുണ്ടാവും.

ലേലം കഴിയുമ്പോഴേക്കും വീട്ടിലെ ജോലികളൊക്കെ ഒരുക്കി പെണ്ണുങ്ങളും വന്നുകൂടിയിട്ടുണ്ടാവും. താഴെ പൂഴിയിൽ കാലു നീട്ടി , ചെറിയ മക്കളെ മടിയിലിരുത്തി അവരിരിക്കും. നാടകം തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും പ്രായമേറിയവരും,കുട്ടികളിൽ പലരും ഉറങ്ങിയിട്ടുണ്ടാവും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇരിക്കാൻ മുളയിൽ കയറു കെട്ടി area വേർതിരിച്ചിരിക്കും.( ഞങ്ങളുടെ നാട്ടിൽ ഇന്നത്തെ ദിവസം വരെ, ബസ്സിൽ പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരിക്കില്ല എന്ന് ഈ വേളയിൽ അത്ഭുതത്തോടെ ഓർക്കുന്നു)

തമ്മിൽ പ്രേമിക്കുന്ന ചെറുപ്പക്കാരും ചെറുപ്പകാരികളും ഉണ്ടാവും ആ കൂട്ടത്തിൽ. പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും കടാക്ഷങ്ങൾ എറിഞ്ഞു തൃപ്തിപ്പ്ടെകയെന്നല്ലാതെ, മറ്റൊന്നിനും അവിടെ സ്കോപ്പില്ലായിരുന്നു.

നാടകം മിക്കവാറും മെലോഡ്രാമ നിറച്ചുമുള്ള കഥയായിരിക്കും. ഹാർമോണിയവും പാട്ടും ഉണ്ടാവും ഇടയിൽ. ആണുങ്ങളുടെ ഭാഗത്തു നിന്ന് ഇടക്കെന്തെങ്കിലും കശപിശയുമുണ്ടാവും . കള്ളുകുടിച്ചു ബഹളമുണ്ടണ്ടാക്കിയതോ, സ്റ്റേജിൽ നടക്കുന്നത് നല്ലവിധം നോക്കിക്കാണാൻ തിക്കിത്തിരക്കിയതോ , പോക്കറ്റ് അടിക്കാൻ ശ്രമിച്ചതോ എന്തെങ്കിലും ആവും കാരണം.

പരിപാടി കഴിയുമ്പോൾ നേരം വെളുക്കാനാവും.

ഏതു ഉഗ്രൻ സ്റ്റേജ് performance ആയാലെന്താ. പിന്നിട്ട ആ മണിക്കൂറുകളുടെ ഓരോ നിമിഷവും അയവിറക്കിക്കൊണ്ടു ഉറക്കച്ചടവോടെ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന ആ ആനന്ദം …അതിനു പകരമില്ല തന്നെ.

(These two cups are what was left of those housewarming gifts, which I whisked away when I got the chance )

#marakkarkandymemories

#childhoodmemories

 
Leave a comment

Posted by on September 13, 2022 in childhood, Community

 

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

 
%d bloggers like this: