എനിക്ക് ബിരിയാണിയുമായി ജന്മബന്ധമുണ്ട് . ബക്രീദ് പെരുന്നാളിന്റെ അന്ന്, പള്ള നിറച്ചും ബിരിയാണി തിന്ന് ഒന്ന് മയങ്ങിഎഴുനേറ്റിട്ടാണ് എന്നെ പള്ളയിൽ നിന്നും
ഉമ്മ പുറത്തു തള്ളിയത് .
ഉമ്മ നല്ല രുചിയുള്ള ബിരിയാണി ഉണ്ടാക്കുമായിരുന്നു. പെരുന്നാളിന്റെ ഏതാനും ദിവസം മുൻപ് മല്ലിയുടെ ധാന്യങ്ങൾ പിൻപുറത്തെ മുറ്റത്തു ഒരിടത്തി പാകിയാണ് അതിനുള്ള ഒരുക്കം. സംഗതി എന്താണെന്ന് വെച്ചാൽ ഞങ്ങൾക്കുള്ളത് മാത്രമല്ല, അയൽക്കാരായിട്ടുള്ള എല്ലാവർക്കും കൂടിയാണ് ഉണ്ടാക്കുക. ബിരിയാണി എല്ലാവര്ക്കും കൊണ്ടുകൊടുത്തിട്ടാണ് അത് തിന്നാനുള്ള ഞങ്ങളുടെ ഊഴം വരിക.
വിവാഹം കഴിയുന്നത് വരെ , ഉമ്മയുടെ പാചകം നോക്കി നിന്നിരുന്നു എന്നല്ലാതെ അടുക്കളയുമായി എനിക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പാത്രങ്ങൾ കഴുകുക, തേങ്ങ ചിരവുക, പത്തിരിക്കുള്ള അരിയും തേങ്ങയും അമ്മിയിൽ അരച്ചെടുക്കുക തുടങ്ങിയ ചില്ലറ ജോലികളിൽ സഹായിച്ചിരുന്നു. അതും ഒഴിവു ദിനങ്ങളിൽ മാത്രം. വിവാഹം കഴിഞ്ഞപ്പോൾ , ചപ്പാത്തിയും ചോറും ഒരു കറിയും എന്ന തോതിലല്ലാതെ മാസങ്ങളോളം പാചകത്തിൽ വലിയ പുരോഗതിയൊന്നും നേടിയില്ല.
രണ്ടു വര്ഷങ്ങള്ക്കു ശേഷമാണ് ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയത്. ഭർത്താവിന്റെ നാടായ മലപ്പുറത്ത് ആ കാലത്തു ബിരിയാണി അത്ര പോപ്പുലർ ആയിട്ടില്ല. ആരോ ആ വിഷയത്തെ പറ്റി സംസാരിച്ചുതുടങ്ങിയപ്പോൾ, (എന്റെ വിപരീത ബുദ്ധിയെ പഴിച്ചാൽ മതി) ബിരിയാണി ഉണ്ടാക്കാമെന്ന് ഞാനങ്ങേറ്റു . Theoretical knowledge ന്റെ അടിസ്ഥാനനത്തിൽ 10 -15 ആളുകൾക്ക് വെക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് കുറിച്ച് കൊടുക്കയും ചെയ്തു.
അവരാണെങ്കിൽ ഏതാനും അയൽക്കാരെയും ക്ഷണിച്ചു മരുമകളുണ്ടാക്കാൻ പോകുന്ന ബിരിയാണി കഴിക്കാൻ. എന്ത് പറയാൻ!
വെളുത്തുള്ളിയും ഇഞ്ചിയും തൊലി കളഞ്ഞു ചതുക്കി എടുക്കാനും, അരിയിലെ കല്ല് പെറുക്കാനും, ഉള്ളി അരിയാനും , ചമ്മന്തിക്കുള്ള തേങ്ങാ ചിരവാനും മറ്റും വീട്ടിലെ പെണ്ണുങ്ങളൊക്കെ സഹായിച്ചു. പക്ഷെ പാചകം ചെയ്യേണ്ടത് ഞാനാണ് . ബിരിയാണി expert ഞാനാണല്ലോ!
ഉമ്മ ബിരിയാണി ഉണ്ടാക്കുന്നത് വര്ഷങ്ങളായി നോക്കി നിന്നിരുന്നത് കൊണ്ട് , വലിയ കുഴപ്പമില്ലാതെ ഇറച്ചിയും , നെയ്‌ച്ചോറും വേറെ വേറെയായി തയ്യാറാക്കി (കണ്ണൂർ സ്റ്റൈൽ ). ഇറച്ചിമസാലയുടെ രുചി കൊള്ളാമായിരുന്നു. നെയ്‌ച്ചോറിന്റെ വേവും പാകത്തിന്. ഇനി രണ്ടും കൂടി തട്ട് തട്ടായി വേറൊരു ചെമ്പിൽ ഒരുക്കി ഒന്ന് കൂടി ചൂടാക്കണം .ഇറച്ചി മസാലയുടെ ആവി ശരിക്കുമൊന്ന് ചോറിൽ പിടിക്കുന്നത് വരെ.
ഗ്യാസ് stove ഇല്ല കേട്ടോ . വിറകടുപ്പാണ് .
വിറകടുപ്പിൽ തീ കൂട്ടി അത്ര ശീലമില്ലായിരുന്നു. ഞാൻ പറഞ്ഞില്ലേ ഉമ്മയായിരുന്നു പാചകറാണി.
ചെറിയ തീയിൽ , അല്ലെങ്കിൽ തീക്കനലിൽ ചൂടാക്കേണ്ടതിന് പകരം , നല്ലോണം കത്തുന്ന തീയുടെ മേലെയാണ് ചെമ്പു വെച്ചത്.
വിരുന്നുകാർ വന്നപ്പോഴേക്കും വീടാകെ ബിരിയാണി ചെമ്പിന്റെ അടിക്കു പിടിച്ച മണം പടരാൻ തുടങ്ങിയിരുന്നു.
ആകെ നാശമായില്ല കേട്ടോ. എന്നാലും മുകളിലുള്ള ചോറിലൊക്കെ ചെറിയ പുകമണം പിടിച്ചിരുന്നു.
ഭർതൃ ഗൃഹത്തിൽ shine ചെയ്യാൻ നോക്കിയിട്ടു പറ്റിയില്ല എന്ന് സാരം.
പക്ഷെ അതിനു ശേഷം ഞാൻ എത്രയോ ആൾക്കാരെ ബിരിയാണി തീറ്റിച്ചിട്ടുണ്ട് . മകൾ കോളേജിൽ പഠിക്കുമ്പോൾ കൂടെയുള്ള 20 -25 കുട്ടികൾക്കും, അയലത്തുള്ള, മകന്റെയും മകളുടെയും മറ്റു കൂട്ടുകാർക്കും , ഞങ്ങളുടെ ജോലിസ്ഥലത്തെ രണ്ടോ മൂന്നോ പേർക്കും ..അങ്ങനെ ഒരു പാട് കൂട്ടർക്ക് ഒന്നിച്ചു കഴിക്കാൻ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്.
ബക്രീദ് അടുത്ത ഞായറാഴ്ചയാണ്. ജ്യേഷ്ടന്റെയും അനിയത്തിയുടെയും മക്കളും അവരുടെ കുഞ്ഞുമക്കളും എല്ലാരും കൂടി പലേ ദിക്കുകളിൽ നിന്നും കണ്ണൂരിലെത്താൻ തുടങ്ങിയിരിക്കുന്നു. നാളെ രാത്രീ ഞങ്ങളും പോകുന്നുണ്ട് അങ്ങോട്ടേക്ക്.
ബിരിയാണി ആരുടെ വകയാണെന്നു അറിയില്ല. അമ്മായിയും (ജ്യേഷ്ഠന്റെ ഭാര്യ) , ഉമ്മയും ബിരിയാണിയുടെ കാര്യത്തിൽ മത്സരമായിരുന്നു. അമ്മായി നല്ല രുചിയുള്ള ബിരിയാണി ഉണ്ടാക്കും. പക്ഷെ
ഉമ്മ സമ്മതിച്ചു കൊടുക്കില്ല. എന്തെങ്കിലും ഒരു കുറ്റം കണ്ടെത്തും. അനിയത്തിയും ഉണ്ടാക്കും നല്ല രുചിയുള്ള ബിരിയാണി.
ഉമ്മ ഇപ്പോഴില്ല, കുറെ ഓർമ്മകൾ മാത്രം.
