“നമുക്ക് അസുഖം വരുമ്പോൾ, ചിലപ്പോൾ ഡോക്ടർ നമ്മളോട് പലേ ടെസ്റ്റുകൾ ചെയ്യാൻ പറയാറില്ലേ? രക്തത്തിന്റെയും മൂത്രത്തിന്റെയുമൊക്കെ സാമ്പിളുകൾ സ്ലൈഡുകളിൽ വെച്ച് സൂഷ്മദര്ശിനിയിലൂടെ പരിശോധിച്ച ശേഷം നമുക്ക് ടൈഫോയ്ഡ് ആണോ, ന്യൂമോണിയ ആണോ , ഇനി മറ്റു വല്ലതുമാണോ എന്നറിയിക്കും. അസുഖത്തിന് കാരണമായ വൈറസ് അല്ലെങ്കിൽ ബാക്ടീരിയ ഏതാണെന്ന നിഗമനത്തിൽ എത്തിയിരിക്കും . എന്നാൽ അവ നമ്മുടെ ശരീരത്തിൽ എപ്പോൾ കടന്നുകൂടി എന്ന് ഡോക്ടർക്ക് പറയാനാവില്ല. രോഗിക്കും കൃത്യമായി പറയാൻ സാധിക്കില്ല, ചിലപ്പോൾ ഏകദേശം ഊഹിക്കാൻ പറ്റുമെന്നല്ലാതെ.
സിനിമയോട് എനിക്കുള്ള പ്രതിപത്തിയെ കുറിച്ച് ആലോചിച്ചു നോക്കിയാൽ എനിക്കും കൃത്യമായി പറയാൻ പറ്റില്ല ഈ ലഹരിക്ക് ഞാനെപ്പോഴാണ് ആദ്യമായി അടിമയായതെന്ന്.
എനിക്ക് തോന്നുന്നത് ഈ കൃമി എന്നെ പിടികൂടിയത് സ്കൂളിൽ വെച്ച് പ്രൊജക്ടർ ജീവൻ വെക്കുന്നതിന്റെ അടയാളമായ ആ ശബ്ദങ്ങൾ കാതിൽ പതിഞ്ഞപ്പോഴാണെന്നാണ്. ബാക്കി സമയങ്ങളിൽ മരത്തിന്റെ വലിയ പാളികൾ കൊണ്ട് ആ വലിയ ഹാളിനെ ക്ലാസ്സ് മുറികളായി വേർതിരിച്ചിരിക്കും. അവയെ മാറ്റിനീക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ഉത്സാഹം പതഞ്ഞുപൊങ്ങാൻ തുടങ്ങും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇരിക്കാൻ പാകത്തിൽ ബെഞ്ചുകൾ അടുപ്പിച്ചിടാൻ ഞങ്ങളും സഹായിക്കും. സിനിമ കാണിക്കുന്നതിനെ പറ്റി മുൻകൂറായി പറയുമായിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ പെട്ടെന്നായിരിക്കും പ്രഖ്യാപനം. തുടർന്നുണ്ടാകുന്ന ബഹളത്തെ പറ്റി പറയേണ്ട !
ആ സിനിമകൾ മുഖ്യമായും ഡോക്യൂമെന്ററികൾ ആയിരുന്നു. നീണ്ടു കിടക്കുന്ന ഗോതമ്പുപാടങ്ങളും, വിളഞ്ഞുനിൽകുന്ന സ്വര്ണനിറമാർന്ന കതിരുകളെ വെട്ടിക്കൂട്ടുന്ന ട്രാക്ടറുകളുമാണ് ഓർമ്മയിൽ. ഞങ്ങളുടെ ഹെഡ് മിസ്ട്രസ് മദർ ഗബ്രിയൽ, ആ റീലുകൾ എവിടെ നിന്നാണ് കരസ്ഥമാക്കിയതെന്നു ഒരു പിടിയുമില്ല. ചിലപ്പോൾ പുറം രാജ്യത്തുനിന്ന് അവരെ സന്ദർശിക്കാൻ വരുന്ന ആരെയെങ്കിലും ഏല്പിക്കുന്നതാവാം. കാണിച്ച സിനിമകളെ കുറിച്ച് അധ്യാപികമാർ എന്തെങ്കിലും കൂടുതൽ പറഞ്ഞു തരികയോ ചർച്ച ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നാലും, സാധാരണ ദിനചര്യയിൽനിന്നും വ്യത്യസ്തമായ ആ മണിക്കൂറുകൾ പ്രിയങ്കരം തന്നെയായിരുന്നു.
വല്ലപ്പോഴും ഹിന്ദി സിനിമകളും കാണിക്കുമായിരുന്നു. “ദോ ആംഖേ ബാരാ ഹാഥ് ” എന്ന സിനിമയും “റുസ്തം ആൻഡ് സൊഹ്റാബ് ” എന്ന രണ്ടെണ്ണം ഓർമയിൽ തങ്ങിനിൽക്കുന്നു.
സിനിമ എന്ന രോഗം എന്നെ ഗ്രസിച്ചത് ആ നാളുകളിൽ ആവാം. ഈ രോഗം ഒരിക്കലും മാറരുതേ എന്ന് ഉള്ളുകൊണ്ട് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ‘ഖുദാ ക രംഗ് ” എന്ന് തുടക്കത്തിൽ പേരിട്ടിരുന്ന, പിന്നീട് “The Colours of Paradise, ” എന്ന പേരിൽ റിലീസ് ചെയ്ത ഇറാനിയൻ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് അത് തന്നെയാണ്.
മജീദ് മജീദി സംവിധാനം ചെയ്ത ഈ മനോഹര ചിത്രത്തിലെ പ്രധാന കഥാപാത്രം അന്ധനായ,അതീവ സംവേദനക്ഷമതയുള്ള മുഹമ്മദ് എന്ന ബാലനാണ്. പ്രകൃതിയുമായി പൂർണമായും തന്റെ ഉണ്മയെ സമന്വയിപ്പിക്കാൻ അവനു പറ്റിയിരുന്നു.
സിനിമയുടെ തുടക്കത്തിൽ, മൂന്നു മാസം നീണ്ടുനിൽക്കുന്ന വേനലവധിക്ക് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ വരുന്ന രക്ഷകർത്താക്കളെ കാത്തിരിക്കുകയാണ്, ബോര്ഡിങ് കൂടിയുള്ള ആ അന്ധവിദ്യാലയത്തിലെ കുട്ടികൾ. മുഹമ്മദ് തന്റെ മെത്തയുടെ കീഴെ കരുതിവെച്ച ചില്ലറ സാധനങ്ങൾ ഒന്നൊന്നായി പെറുക്കിക്കൂട്ടുകയാണ്. “ലൊട്ടുലൊടുക്കുകൾ” എന്ന് അദ്ധ്യാപകൻ അവയെ വിശേഷിച്ചപ്പോൾ അവൻ തിരുത്തുന്നു “സോവനീറുകൾ”. വീട്ടിലുള്ളവർക്കു വേണ്ടി അവൻ ശേഖരിച്ചു വെച്ചതാണ്.
കുട്ടികൾ ഓരോരുത്തരായി പോയിക്കൊണ്ടിരുന്നു. അവൻ അപ്പോഴും ആ സിമന്റ് ബെഞ്ചിൽ പ്രതീക്ഷയോടെ പിതാവിനെ കാത്തിരിക്കുകയാണ്. ചുറ്റുമുള്ള ശബ്ദങ്ങൾ അവന്റെ ചെവിയിൽ പതിയുന്നുണ്ട്. അടുത്തുള്ള ഏതോ മരച്ചില്ലയിൽനിന്നും താഴെ വീണ ഒരു കുഞ്ഞുപക്ഷിയുടെ നിസ്സഹായമായ ശബ്ദം അവൻ കേൾക്കുന്നു. തപ്പിത്തടഞ്ഞു, മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി, അവൻ ആ പക്ഷികുഞ്ഞിനെ കണ്ടെത്തുകയും , അതിനെ ആക്രമിക്കാൻ വന്ന പൂച്ചയെ ആട്ടിയോടിച്ചു , മരച്ചില്ലകളിൽ മെല്ലെ കയറി അതിനെ കൂട്ടിൽ എത്തിക്കുകയും ചെയ്യുന്നു.
മുഹമ്മദിനെ നമ്മുക്ക് പരിചയപെടുത്തുന്നത് ഈ വിധമാണ്.
അച്ഛനെത്തുന്നു . അയാളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാം, മകന്റെ പ്രകൃതവുമായി ഒട്ടും സാമ്യമില്ലാത്തതാണ് അയാളുടേതെന്ന് . ജീവിതം കശക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ, ദേഷ്യവും, മോഹഭംഗവും വികൃതമാക്കിയ മുഖഭാവമായിരുന്നു അയാളുടേത് . മകനെ വീട്ടിലേക്കു തിരിച്ചു കൊണ്ടുപോകാൻ അയാൾക്ക് താല്പര്യമില്ലായിരുന്നു. വേറെ പോംവഴിയില്ലാത്തുകൊണ്ടു അങ്ങനെ ചെയ്യാൻ നിർബ്ബന്ധിതനാകുകയാണ് .
സ്കൂളിൽ ചരിത്രം പഠിക്കുമ്പോൾ പേഷ്യ , മെസോപ്പൊട്ടാമിയ എന്ന പേരുകൾ പരിചിതമായിരുന്നു. എന്നാൽ ഇറാക്ക് , ഇറാൻ എന്ന പേരുകൾ അപ്പോൾ വലിയ പരിചയമില്ലായിരുന്നു. എന്ത് കൊണ്ടോ അന്ന് ആ പ്രദേശങ്ങൾ മനസ്സിൽ വരച്ച ദൃശ്യങ്ങളിൽ മണലാരണ്യങ്ങളും ഒട്ടകങ്ങളും വിരസമായി നിലനിൽക്കുന്ന കുന്നുകളും ഒക്കെയായിരുന്നു. എന്നാൽ മകനെയും കൂട്ടി ആ അച്ഛൻ ഗ്രാമത്തിലേക്ക് യാത്ര ചെയ്ത വഴികൾ അങ്ങനെയൊന്നും ആയിരുന്നില്ല. ഹരിത വർണ്ണം കണ്ണുകൾക്ക് കുളുർമ്മയേകുന്ന കാടുകളും, പലപല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പുൽമേടകളും, പ്രത്യേകതരം ചാതുര്യമുള്ള കൊച്ചു മൺവീടുകളും, അങ്ങനെ ഇന്ദ്രീയഗോചരങ്ങളായ കാഴ്ചകളായിരുന്നു വഴിനീളെ.
ആ ഗ്രാമത്തിലെ കുട്ടികളിലാണെങ്കിൽ നിഷ്ക്കളങ്കതയുടെ പ്രകാശം. മുഹമ്മദിന്റെ സഹോദരികളെ കണ്ടാൽ മാലാഖാമാരാണെന്നു തോന്നിപോകും. മൂന്നുപേരും ഒന്നിച്ചപ്പോളുള്ള, അവരുടെ സന്തോഷം നമ്മുടെ ഹൃദയങ്ങളിലും ആഴ്നിറങ്ങുന്നു.
ചെറുപ്പത്തിലേ അവരുടെ ‘അമ്മ അവർക്ക് നഷ്ടപ്പെട്ടിരുന്നു.ആ അച്ഛൻ തന്റെ ചുമലുകളിൽ എറ്റേണ്ടിവന്ന ഭാരം അന്ന് തുടങ്ങിയതാവാം. അവരെ വളർത്തിയത് അച്ഛമ്മയാണ്…ചുളിവുകൾ നിറഞ്ഞ മുഖത്തു, തെളിഞ്ഞു തിളങ്ങുന്ന ആർദ്രത. സൗമ്യയായ ആ വൃദ്ധയുടെ സ്നേഹം തൊട്ടറിയാം. സ്ക്രീനിൽ നിന്നും പുറത്തേക്കു വ്യാപിച്ചു ആ മമത നമ്മളെ താലോലിക്കുന്നതു പോലെ തോന്നിപ്പോകും. കൃഷിയിടത്തിൽ വെയിലിൽ ജോലിയെടുത്ത അവരുടെ കരങ്ങൾ കരുവാളിച്ചിരുന്നു . ഉള്ളംകൈകളിൽ തഴമ്പുകെട്ടിയിരുന്നു. ആ ബാലൻ അവരുടെ കരങ്ങൾ തന്റെ കൈയ്യിലെടുത്തു കൊണ്ട് , “നിങ്ങളുടെ കരങ്ങൾ ഇത്ര സുന്ദരവും വെളുത്തുമിരിക്കുന്നത് എങ്ങനെയാണ് ?’ എന്ന് ചോദിക്കുമ്പോൾ നമുക്കറിയാം കുരുടനായ അവന്റെ കണ്ണുകൾക്ക്, കാഴ്ച്ചയുള്ള നമുക്കൊക്കെ കാണാൻ പറ്റുന്നതിലും സുതാര്യമായ ദൃശ്യശക്തി ഉണ്ടെന്ന് .
മുഹമ്മദിൻ്റെ പിതാവിൻ്റെ മനസ്സിൽ വേലിയേറ്റങ്ങളാണ്. അയാൾ രണ്ടാമതും ഒരു വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് . കാഴ്ചയില്ലാത്ത ഒരു മകനുള്ള കാര്യം അദ്ദേഹം അവരോടു വെളിപ്പെടുത്തിയിട്ടില്ല. “നിങ്ങളുടെ മകളെ വീട്ടുജോലികളിൽ എന്റെ രണ്ടു പെണ്മക്കൾ നല്ലോണം സഹായിക്കും” എന്ന് അവളുടെ പിതാവിന് ഉറപ്പുകൊടുക്കുകയും ചെയ്തു. അവർക്ക് അയാളെ ഇഷ്ടമായി. ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. മകൾക്ക് പൂർണമായും ആശ്രയിക്കാൻ പറ്റുന്ന ഒരാളുടെ കൂടെ അവളെ പറഞ്ഞയക്കാനായിരുന്നു അവർ ആഗ്രഹിച്ചത് .
നിപുണനായ ഒരാശാരിയുടെ കൂടെ ജോലി പഠിക്കാൻ അവനെ അവിടെ കൊണ്ടാക്കുന്ന കാര്യത്തെ പറ്റി സംസാരിച്ചപ്പോൾ അയാളുടെ ‘അമ്മ എതിർത്തു . പക്ഷെ അവരുടെ വാക്കുകൾ അയാൾ അവഗണിക്കുകയാണുണ്ടായത്.
ആ ആശാരിക്കും കണ്ണ് കാണില്ല.പിതാവ് തിരിച്ചു പോയപ്പോൾ ഗുരുവിന്റെ മുൻപിൽ അവൻ പൊട്ടിക്കരഞ്ഞു. “എന്റെ അദ്ധ്യാപകൻ പറഞ്ഞത് ദൈവം കണ്ണ് കാണാൻ വയ്യാത്ത കുട്ടികളെയാണ് മറ്റാരേക്കാളും സ്നേഹിക്കുന്നതെന്നാണ്. അങ്ങനെയാണെങ്കിൽ ദൈവത്തെ കാണാൻ പറ്റാത്തവിധം ആക്കിയതെന്തേ?
“കണ്ണീരിന്റെയിടയിലൂടെ അവൻ മൊഴിഞ്ഞു.
“ദൈവം എല്ലായിടത്തും ഉണ്ടെന്നും നമുക്ക് വിരലുകളിലൂടെ ദൈവത്തെ സ്പർശിക്കാൻ പറ്റുമെന്നും ടീച്ചർ പറഞ്ഞിരുന്നു”, അവൻ കൂട്ടിച്ചേർത്തു.
“നിന്റെ അദ്ധ്യാപകൻ പറഞ്ഞത് നേരാണ്”, അയാൾ അവനു ഉറപ്പു നൽകി.
മുഹമ്മദ് ആ ചുറ്റുപാടുകളുമായി ക്രമേണ ഇണങ്ങി. പലയിനം മരത്തടികളുടെ തന്തുരചനകളെപറ്റി അവൻ പഠിച്ചു. ചുറ്റുമുള്ള ശബ്ദങ്ങൾക്കായി കാതോർത്തു നടന്നു. തടാകത്തിലെ അരയന്നങ്ങൾക്ക് തീറ്റ കൊടുത്തു. ഇളം കാറ്റിലും ഇലകളുടെ അഗ്രങ്ങളിലും അവൻ വിരലുകൾ കൊണ്ട് അക്ഷരങ്ങളും പദങ്ങളും കുറിച്ചു. പക്ഷികളുടെ കളകള നാദങ്ങളിൽനിന്നും അവൻ സംഖ്യകൾ ഉരുവിട്ട് പഠിച്ചു. അവൻ പൂർണമായും പ്രകൃതിയുമായി ഒന്നായി.
ചെറുമകനെ ദൂരെ പറഞ്ഞയച്ച ദേഷ്യവും ദുഖവും കാരണം വലിയമ്മയും വീട് വിട്ടിറങ്ങി. അവരുടെ മകൻ വിഷണ്ണനായി തന്റെ മനസ്സിലെ ആകുലതകളെപ്പറ്റി എണ്ണിപ്പറയാൻ തുടങ്ങി. ചെറുപ്പത്തിൽത്തന്നെ പിതാവ് മരിച്ചു . മൂന്നു കുട്ടികളെയും തന്നെയും തനിച്ചാക്കി ഭാര്യയും ഇഹലോകത്തോട് വിട പറഞ്ഞിട്ട് അഞ്ചുവർഷം കഴിഞ്ഞു. വയസ്സുകാലത്തു തന്നെ ശുശ്രൂഷിക്കാൻ ആരും അടുത്തുണ്ടാവില്ലെന്ന ഭയം മനസ്സിനെ കാർന്ന് തിന്നുകയാണ്.
മകൻ പറയുന്നതൊക്കെ കേട്ട് കൊണ്ടുതന്നെ വൃദ്ധ തിരിഞ്ഞുനോക്കാതെ നടന്നകന്നു. കുറെ കഴിഞ്ഞപ്പോൾ കുതിരപ്പുറത്തു കയറി അയാൾ അവരെ തേടി പോയി. കണ്ടു കിട്ടിയപ്പോഴേക്കും ‘അമ്മ കുഴഞ്ഞു വീണിരുന്നു.
കിടപ്പിലായ അമ്മയെ, മുഹമ്മദിനെ കാണാൻ പോയിരുന്നുവെന്നും അവൻ സുഖമായി ഇരിക്കുന്നുവെന്നും അയാൾ അറിയിച്ചപ്പോൾ അവരുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു . മകന്റെ വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു. എന്നാൽ താമസിയാതെ അവരുടെ ശ്വാസം നിലച്ചു. ആ മരണം ഒരു ദുശ്ശകുനമാണെന്ന കാരണത്താൽ പെൺവീട്ടുകാർ പിന്മാറി. അയാൾ പിന്നെയും ദുഖത്തിന്റെ ആഴിയിലേക്കു വഴുതിവീണു .
മകനെ തിരിച്ചു കൊണ്ടുവരാൻ തീരുമാനിച്ച ശേഷം അയാൾ അങ്ങോട്ട് പുറപ്പെട്ടു. തിരിച്ചു വരും വഴി കനത്ത മഴ തുടങ്ങി. ഒരു പഴയ പാലം കടന്നു കൊണ്ടിരുന്നപ്പോൾ അതിന്റെ ഒരു പലക തകർന്ന് മകനും, അവനിരുന്ന കുതിരയും വെള്ളത്തിലേക്ക് വീണു.
അയാൾ നിർന്നിമേഷനായി അത് നോക്കിനിന്നു.
മകനെ രക്ഷിക്കണോ , അതോ കാഴ്ചയില്ലാത്ത ഒരു ലോകം നൽകിയ വിധിയിൽ നിന്നും അവനെ മോചിപ്പിക്കണോ ? കാണികളുടെ നെഞ്ചിൽ ഭാരമേറുകയും തൊണ്ടയിൽ എന്തൊക്കെയോ കുടുങ്ങികിടക്കുകയും ചെയ്യുന്ന ഏതാനും നിമിഷങ്ങൾ!!!
പിന്നെ അയാൾ വെള്ളത്തിലേക്ക് കുതിച്ചു ചാടി.
പൂഴിയിൽ അയാൾ മലർന്നു കിടക്കുകയാണ്. കണ്ണുകൾ മെല്ലെ തുറക്കുന്നു. തല പതുക്കെ ചെരിച്ചു നോക്കിയപ്പോൾ മകനും അടുത്ത് കിടപ്പുണ്ട്. പക്ഷെ അവന്റെ ശരീരം നിശ്ചലമാണ് . നീങ്ങിനിരങ്ങി അയാൾ അവനെ കൈകളിൽ കോരിയെടുത്തു ചേർത്തു പിടിച്ചു.
ക്യാമറയുടെ കണ്ണ്, അയാളുടെ പിന്നിലൂടെ, നീട്ടിയ അവന്റെ ഒരു കൈയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് . സൂര്യന്റെ രശ്മികളെ കൈക്കുമ്പിളിൽ കോരിയെടുതത്തു പോലെ. ദൈവത്തെ സ്പര്ശിച്ചുനോക്കാനുള്ള വെമ്പലോടെ അവന്റെ വിരലുകൾ മെല്ലെ ചലിക്കുന്നുണ്ടോ?”
Like this:
Like Loading...